തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വീട്ടിൽ പരിശോധന നടത്തിയ ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ മൂന്ന് പ്രതികളുടെ ജാമ്യാപേക്ഷ തള്ളി. ജീവൻ, നന്ദു, ഷൈജു എന്നീ പ്രതികളുടെ ജാമ്യാപേക്ഷയാണ് തിരുവനന്തപുരം ജുഡീഷ്യൻ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി തള്ളിയത്.
എക്സാലോജിക് - സിഎംആർഎൽ സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് പിണറായി വിജയന്റെ വസതിയിൽ ഇഡി സംഘം പരിശോധന നടത്തി പുറത്തിറങ്ങിയപ്പോഴായിരുന്നു വൻ സംഘർഷം അരങ്ങേറിയത്. ഉദ്യോഗസ്ഥരെ തടഞ്ഞുവെക്കുകയും കല്ലും മരക്കഷ്ണങ്ങളും ഉപയോഗിച്ച് ഇ ഡി വാഹനങ്ങളുടെ ചില്ലുകൾ തകർക്കുകയും ചെയ്തിരുന്നു.
സംഭവത്തിൽ വധശ്രമം, പൊതുമുതൽ നശിപ്പിക്കൽ ഉൾപ്പെടെയുള്ള കടുത്ത വകുപ്പുകൾ ചുമത്തിയാണ് മ്യൂസിയം പോലീസ് കേസെടുത്തത്.